മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചു; തീപടർന്നു പൊള്ളലേറ്റ അമ്മ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 08:15 AM  |  

Last Updated: 16th March 2022 08:15 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ കാൻസർ രോഗിയായ അമ്മ മരിച്ചു. ഉറക്കത്തിൽ വസ്ത്രത്തിൽ തീപടർന്നാണ് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയിൽ ലൂസി ഈപ്പനാണ് (47) മരിച്ചത്. 

ഞായറാഴ്ച രാത്രിയാണു സംഭവം. മുറിയിൽ അമ്മയോടൊപ്പം കിടന്നിരുന്ന 19കാരനായ മകൻ തീപ്പെട്ടി ഉരച്ചതാണു തീപിടിത്തത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. മകൻ ഉറങ്ങിയ ശേഷമാണ് പതിവായി താൻ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുൻപു പൊലീസിനു മൊഴി നൽകിയപ്പോൾ പറഞ്ഞു. വസ്ത്രത്തിൽ ‍തീപടർന്ന് ഉണർന്നപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

അടുത്ത മുറിയിലുണ്ടായിരുന്ന മറ്റു മക്കൾ അയൽക്കാരെ വിളിച്ചുവരുത്തിയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് നടക്കു. മകനെ ഡോക്ടർമാരുടെ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതം കോടതിയിൽ ഹാജരാക്കുമെന്നും കോടതി നിർദേശിക്കുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.