എസ്എഫ്‌ഐ ഭീകര സംഘടനയെപ്പോലെ; നിരോധിക്കണം: ലോ കോളജ് സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പരിക്കേറ്റ സഫീന മാധ്യമങ്ങളെ കാണുന്നു, ഹൈബി ഈഡന്‍
പരിക്കേറ്റ സഫീന മാധ്യമങ്ങളെ കാണുന്നു, ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി. എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

'ഭീകര സംഘടനകളെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണം. എസ്എഫ്‌ഐ തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്രം ഇടപെടണം. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ്'- ഹൈബി പറഞ്ഞു. 

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പരാതിയില്‍ 8 പേര്‍ക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവര്‍ത്തകരാണ്. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു എന്ന പരാതിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിരുന്നു.

അക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെഎസ്യു നേതാവ് സഫ്‌നയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ എസ്എഫ്ഐ നടത്തിയ ആക്രമണം നീതിക്കേടാണെന്ന് സഫീന പറഞ്ഞു. സംഭവത്തില്‍ കെഎസ് യൂ യൂണിറ്റ് പ്രസിഡന്റായ സഫീന അടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം ലോ കോളജ് സംഘര്‍ഷം

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.

യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം എട്ടരയോടെ പുറത്തേയ്ക്ക് പോകുന്ന സമയത്താണ് തങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സഫീന മാധ്യമങ്ങളോട് പറയുന്നു. 'എന്നെയും ആഷിക്കിനെയും മിഥുനെയും കോളജില്‍ വച്ചാണ് ആക്രമിച്ചത്. അതിന് ശേഷം വീട്ടില്‍ കയറി ദേവനാരായണനെയും കൂടെ ഉണ്ടായിരുന്ന പത്തുപേരെയും ആക്രമിച്ചു. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. എന്നെ വലിച്ചിഴച്ചു. വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു. നീചവും ക്രൂരവുമായി ആക്രമണമാണ് ഉണ്ടായത്. സംഭവത്തില്‍ നീതി ലഭിക്കണം. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പകയാവാം ആക്രമണത്തിന് കാരണം ' -സഫീനയുടെ വാക്കുകള്‍ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com