ശങ്കര പുരസ്‌കാരം  ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദയ്ക്ക്

കാലടി ആദിശങ്കര ട്രസ്റ്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് കോളജും ശ്രീശാരദാ വിദ്യാലയയും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രഗ്‌നാനന്ദ
പ്രഗ്‌നാനന്ദ

തൃശൂര്‍: ഈ വര്‍ഷത്തെ ശങ്കര പുരസ്‌കാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ് ബാബു പ്രഗ്‌നാനന്ദയ്ക്ക്. ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ എയര്‍തിങ്ങ് മാസ്റ്റേഴ്‌സ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയ 16 കാരനായ  പ്രഗ്‌നാനന്ദ അന്താരാഷ്ട്ര ചെസ് ചാമ്പ്യനാണ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാലടി ആദിശങ്കര ട്രസ്റ്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് കോളജും ശ്രീശാരദാ വിദ്യാലയയും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്. ഈ മാസം 17 ന് 10.30 ന് കാലടി ശ്രീശാരദാ വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് പുരസ്‌കാരം  സമ്മാനിക്കും.

2018ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നല്‍കിയ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദയ്ക്കും സഹോദരി ഇന്റര്‍നാക്ഷണല്‍ മാസ്റ്റര്‍ വൈശാലിയ്ക്കും ശ്രീശാരദാ വിദ്യാലത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിക്കും. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പ്രഗ്‌നാനന്ദയ്ക്കും സഹോദരിയ്ക്കും കേരളം നല്‍കുന്ന നന്ദി പ്രകാശനമാണിതെന്ന് ആദിശങ്കര ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ പ്രഫ. സി പി ജയശങ്കര്‍ അറിയിച്ചു.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്‌നാനന്ദ.

തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രഗ്‌നാനന്ദയും സഹോദരിയും കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ പ്രഗ്‌നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ എസ് ചിത്ര, നടനും നര്‍ത്തകനുമായ വിനീത്, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ശങ്കര പുരസ്‌ക്കാരം നേടിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com