സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു, 200ന് മുകളില്‍; ആശ്വാസമായി കുടുംബശ്രീ ചിക്കന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 12:30 PM  |  

Last Updated: 17th March 2022 12:30 PM  |   A+A-   |  

chicken SALE

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിക്ക് 240 രൂപയാണ്  വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതും കോഴിത്തീറ്റയുടെ വില കൂടിയതുമാണ് നിരക്കുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്,ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. 

കുടുംബശ്രീ ഔട്‌ലെറ്റില്‍ ചിക്കന് 148 രൂപ വില

കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി.  ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 1215 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്.കോഴിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുകയും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു. 

അതേസമയം സംസ്ഥാനത്തു കോഴി വില പറക്കുമ്പോഴും കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ പൊതുവിപണിയെക്കാള്‍ വില കുറവാണ്. ജീവനുള്ള കോഴിക്ക് കുടുംബശ്രീ ഔട്ട്ലെറ്റില്‍ കിലോഗ്രാമിന് 148 രൂപയാണ് വില. പൊതുവിപണിയില്‍ ജീവനുള്ള കോഴിക്ക് ഇന്നലെ 164 രൂപയാണ് വിലയായി ഈടാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി 97 കുടുംബശ്രീ കേരള ചിക്കന്‍ ഔട്‌ലെറ്റ് ഉണ്ട്. ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മേയില്‍ തുടങ്ങും.