സുഹൃത്തിനെ ചൊല്ലി തര്‍ക്കം; അനുജന്റെ വേടിയേറ്റ് ചേട്ടന്‍ ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 04:43 PM  |  

Last Updated: 17th March 2022 04:43 PM  |   A+A-   |  

clash between brothers and air gun shooting

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്. മാങ്കുളം കൂനമാക്കല്‍ സ്വദേശി സിബി ജോര്‍ജിനെയാണ് അനുജന്‍ സാന്റോ എയര്‍ഗണ്‍ കൊണ്ട് വെടിവച്ചത്. കഴുത്തിന് വെടിയേറ്റ സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം  എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനുമായി വഴക്കിട്ടു. തുടര്‍ന്ന് തിരികെപോയ സിബി, കുറച്ച് കഴിഞ്ഞ് പണിസാധനങ്ങള്‍ എടുക്കാനായി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവയ്പുണ്ടായത്.

മൂന്ന് തവണയാണ് സിബിയെ അനുജന്‍ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ സിബിയെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍നിന്ന് പെല്ലറ്റുകള്‍ പുറത്തെടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.