വേശ്യ എന്നുവിളിച്ചു, അശ്ലീല ആംഗ്യം കാണിച്ചു; ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവര്‍ത്തക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 02:38 PM  |  

Last Updated: 17th March 2022 02:38 PM  |   A+A-   |  

IUML

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നും കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരെയാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയ്യതി നിയോജകമണ്ഡലം ഓഫീസില്‍ വച്ച് മറ്റാളുകള്‍ കേള്‍ക്കെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും വേശ്യ എന്നും വിളിച്ചെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തകയും നടപടി സ്വീകരിക്കാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവതിയുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്നും അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ പറഞ്ഞു.