ലിജുവോ, ജെബിയോ?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 18th March 2022 10:20 PM |
Last Updated: 18th March 2022 10:20 PM | A+A A- |

ജെബി മേത്തര്‍ - എം ലിജു
ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്.
ജെബി മേത്തര്‍, എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകം. സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്‌സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ല എന്നതും അനുകൂലഘടകമാണ്.
എം. ലിജുവിനായി കെ. സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ജെയ്‌സണ്‍ ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.സോണിയാ ഗാന്ധി മറ്റുനേതാക്കളുമായി ചര്‍ച്ചനടത്തി ശനിയാഴ്ച വൈകീട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.