എന്നാ വണ്‍, ടൂ, ത്രീ? അതൊന്നും വലിയ കാര്യമല്ല; വധക്കേസില്‍ കുറ്റമുക്തനായതില്‍ പ്രതികരിച്ച് എംഎം മണി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 10:10 PM  |  

Last Updated: 18th March 2022 10:10 PM  |   A+A-   |  

m m mani 1

ഫയല്‍ ചിത്രം

 

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ മന്ത്രി എം എം മണി. നേരിട്ട് കാണുകപോലും ചെയ്യാത്ത ആളെയാണ് താന്‍ കൊന്നെന്നും പറഞ്ഞ് യുഡിഎഫുകാര്‍ ആരോപണം ഉന്നയിച്ചതെന്നും അവരുടെ ചരിത്രം അതാണെന്നും ഹൈക്കോടതി വിധിക്ക് ശേഷം മണി പ്രതികരിച്ചു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് കൊന്നൊതുക്കിയിട്ടുണ്ട്. ആരാധ്യന്‍മാരായ ഇടതുനേതാക്കളെയെല്ലാം ജയിലിലാക്കിയവരാണ് അവര്‍. ഇതെല്ലാം ചെയ്തവരാണ് ഇപ്പോള്‍ വലിയ ജനാധിപത്യവും പറഞ്ഞുവരുന്നത്, മണി കൂട്ടിച്ചേർത്തു. നേരത്തെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച ചോദിച്ചപ്പോൾ, 'എന്നാ വണ്‍, ടൂ, ത്രീ? അതൊന്നും വലിയ കാര്യമല്ല. വൃത്തവും പ്രാസവുമൊപ്പിച്ച് പല പ്രസംഗവും നടത്തും. അതെല്ലാം അത്രയേയുള്ളു',എന്നായിരുന്നു പ്രതികരണം. 

2012ല്‍ മണിയുടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്നാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ മേയ് 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. 'ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി... ...വണ്‍, ടൂ, ത്രീ... ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു... ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, വണ്ടിപ്പെരിയാര്‍ ബാലു എന്നീ നാലുപേരുടെ കൊലപാതകക്കേസുകളിലാണു പുനരന്വേഷണത്തിന് ഉത്തരവിട്ടത്.