കളമശേരി അപകടം അന്വേഷിക്കും; നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 06:10 PM  |  

Last Updated: 18th March 2022 06:10 PM  |   A+A-   |  

kalamassery_accident

കളമശേരി അപകടം

 

കൊച്ചി: കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയില്‍ നിര്‍മാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് ആണ് ഉത്തരവ് നല്‍കിയത്. അപകടം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും, വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍, കുടൂസ് മണ്ഡല്‍, നൗജേഷ് അലി, നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. മുഹമ്മദ് നൂറുള്ള എന്ന ആളാണ് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഏഴുതൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കളമശ്ശേരി മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.