കുടുംബകാര്യങ്ങളില്‍ ഇടപെട്ടപ്പോള്‍ പുറത്താക്കി; റിന്‍സിയെ കൊന്നത് ജോലിയില്‍ തിരിച്ചെടുക്കാത്തതിലുള്ള റിയാസിന്റെ പക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 02:22 PM  |  

Last Updated: 18th March 2022 02:22 PM  |   A+A-   |  

THRISSUR MURDER CASE

റിന്‍സി

 

തൃശൂര്‍: നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്.  മാങ്ങാരപറമ്പില്‍ റിന്‍സി നാസറിനെയാണ് മുന്‍ ജീവനക്കാരനായ റിയാസ് വെട്ടി കൊലപ്പെടുത്തിയത്. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. 

ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിന്‍സിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിന്‍സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് റിയാസിനെ ജോലിയില്‍നിന്ന് പുറത്താക്കിയത്.

വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവമുണ്ടായത്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന റിയാസ് ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചില്‍ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് ഓടിയെത്തിയത്. തുടര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു മരണം സംഭവിക്കുകയായിരുന്നു.