ഫോണില്‍ യുവതിയെ വിളിച്ചത് 2858 തവണ; 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു; 'സിദ്ധന്‍' അറസ്റ്റില്‍

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ 2858 തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട്: 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാന്‍ യുവതിയെ പ്രേരിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവി (52) ആണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കാക്കൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് യുവതിയെ കാണാതായത്. 

തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി. മകനെ ഉപേക്ഷിച്ചതിനു കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ യുവതി റിമാന്‍ഡിലായി. ഇതിനിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ 2858 തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. രവിയും യുവതിയും വിവിധ സ്ഥലങ്ങളില്‍ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചു. ഇതോടെയാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്. 

വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തി വരുന്നയാളാണ് പ്രതി രവി. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവാഹമോചിതര്‍, വിധവകള്‍ തുടങ്ങി ഒട്ടേറെ സ്ത്രീകള്‍ ഇയാളുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. 

ഇയാള്‍ അറസ്റ്റിലായത് അറിയാതെ നിരവധി പേരാണ് ദര്‍ശനം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇയാളുടെ സഹായികളെ ബന്ധപ്പെട്ടത്. അറസ്റ്റ് വിവരം മറച്ചുവച്ച് സിദ്ധന്‍ ടൂറിലാണെന്നാണ് പൊലീസ് സ്‌റ്റേഷനു പുറത്തുവച്ച് രവിയുടെ കൂട്ടാളികള്‍ മറുപടി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com