ഹിന്ദി അറിയാവുന്നവര്‍ നേതൃത്വത്തിലേക്ക് വരണം, ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും; ഒളിയമ്പുമായി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 11:23 AM  |  

Last Updated: 19th March 2022 11:45 AM  |   A+A-   |  

muralidharan against kc venugopal

കെ മുരളീധരനും രമേശ് ചെന്നിത്തലയും/ ഫയല്‍

 

കോഴിക്കോട്: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍ എംപി. ഹിന്ദി ഭാഷ അറിയാവുന്നവര്‍ ദേശീയ നേതൃത്വത്തിലേക്ക് വരണം. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. 

കെസി വേണുഗോപാലിനെ മാറ്റി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും നന്നായി ഹിന്ദിയും അറിയുന്ന ആളെ കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സ്ഥാനം ഏല്‍പ്പിക്കണമെന്ന് വിമത വിഭാഗമായ ജി-23 നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഭൂപീന്ദര്‍ സിങ് ഹൂഡ രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും കണ്ടിരുന്നു.

ജി-23 നേതാക്കളുടെ നിലപാടിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കെ സി വേണുഗോപാല്‍ അടക്കം രാഹുലിന്റെ വിശ്വസ്തര്‍ക്കെതിരെ ജി-23 നേതാക്കള്‍ കടുത്ത അറിയിച്ചിട്ടുണ്ട്. കെസി വേണുഗോപാലിനെതിരെ അദ്ദേഹത്തിന്റെ നാടായ കണ്ണൂരിലും വ്യാപക പോസ്റ്റര്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. 

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചതിനെ മുരളീധരന്‍ സ്വാഗതം ചെയ്തു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഹൈക്കമാന്‍ഡിന്റേത് ഉചിതമായ തീരുമാനമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജെബി മേത്തറെ സ്ഥാനാര്‍ത്ഥിയാക്കിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.