ഉറങ്ങുന്നതിനിടെ വിളിച്ചെഴുന്നേൽപ്പിച്ച് മാനസികമായി പീഡിപ്പിച്ചു; റാഗിങ് പരാതി, കോഴിക്കോട് മെഡിക്കൽ കോളജിലെ 17 വിദ്യാർഥികൾക്ക് സസ്പെൻഷൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 06:08 PM  |  

Last Updated: 19th March 2022 06:08 PM  |   A+A-   |  

doctor assult

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ‍‍‍റാഗിങ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ 17 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ പരതിയിലാണ് സസ്പെൻഷൻ. ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. 

ഈ മാസം 15ന് പുലർച്ചെയാണ് പരാതിക്കിടയായ സംഭവം നടന്നത്. ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബുധനാഴ്ച കുട്ടികൾ ക്ലാസിൽ  ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് റാഗ് ചെയ്തതായി കുട്ടികൾ പറഞ്ഞത്. തുടർന്ന് പരാതി എഴുതിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. പരാതി നൽകിയതനുസരിച്ചാണ് ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചത്. 

ഓർത്തോ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ അടുത്തിടെ കോളജിലെ രണ്ട് പി ജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.