നടപടി തൃപ്തികരമല്ല, വനിതാ കമ്മിഷന് നേരെ വയോധിക മുളകുപൊടി എറിഞ്ഞു

ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: വനിതാ കമ്മിഷന് നേരെ തൃശൂരില്‍ വയോധിക മുളകുപൊടി എറിഞ്ഞു. ടൗണ്‍ ഹാളില്‍ വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ്  കമ്മിഷന് നേരെ  മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ഇവര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ഇന്ന് നടന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ വയോധിക കയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു. 

ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ ബഹളമായി. വിവരമറിഞ്ഞെത്തിയ  പൊലീസ് എത്തി വയോധികയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്. തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വൃദ്ധ കഴിഞ്ഞദിവസം സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com