'എത്ര എതിർപ്പുയർത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കും; ജനങ്ങളോട് കള്ളം പറയുന്ന സർക്കാരല്ല ഇത്'- മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 07:44 PM  |  

Last Updated: 19th March 2022 07:44 PM  |   A+A-   |  

pinarayi_vijayan

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: ജനങ്ങളോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന കാര്യങ്ങൾ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 

സംസ്ഥാനത്ത് സാങ്കേതിക വിദ്യയുടെ വികാസം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. ജനകീയാസൂത്രണം പോലുള്ള മാതൃകയാണ് ജനകീയ സമിതി. ജനങ്ങളുടെ മുന്നിൽ സർക്കാർ കള്ളം പറയില്ല. തത്കാലത്തേക്ക് ഒരു വാഗ്ദാനമല്ല സർക്കാരിന്റേത്. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങൾ ഓൺലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ രംഗത്തും എന്തല്ലാം ചെയ്യുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും. അതിനായി സർവകലാശാലകൾ ശാക്‌തീകരിക്കണം. ഇപ്പോഴുള്ള കുറവുകൾ പരിഹരിക്കണം. പുതിയ കോഴ്സുകൾ സർവകലാശാലകളിൽ വരാൻ പോകുന്നുണ്ട്. അതിനാവശ്യമായ ഫണ്ട് ഇതിനകം നൽകി. കൂടുതൽ ഹോസ്റ്റൽ സൗകര്യങ്ങൾ കോളജുകളിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, എംജി, കേരള സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയിൽ മാറാൻ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശ്ചാത്തല സൗകര്യങ്ങൾ ഇതിനായി വികസിക്കണം. ഇന്ന് നിന്നടത്ത് നിന്നാൽ പോരാ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കണ്ടുള്ള വികസനവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഒരു ഭേദ ചിന്തയില്ലാതെ നാട് അതിനെ പൊതുവെ പിന്താങ്ങുന്നു. എന്നാൽ ഇവ ഇപ്പോൾ നടക്കാൻ പാടില്ലെന്ന് ചിലർ ചിന്തിക്കുന്നു. ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം ചിന്തയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്ന വികസനങ്ങൾ നടക്കില്ലായിരുന്നു. 

ദേശീയപാത വികസനം ഒരു കാലത്ത് എതിർത്തിരുന്നു. കാസർക്കോട് വരെ യാത്ര നടത്തിയാൽ ആരെയും ആവേശം കൊള്ളിക്കുന്ന കാഴ്ച ഇന്ന് കാണാം. മലയോര - തീരദേശ റോഡ് പൂർത്തിയാകുന്നുണ്ട്. 50000 കോടിയുടെ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് പറഞ്ഞപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ നടന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബി വഴി 70,000 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതികൾ. ഇപ്പോൾ വേണ്ടെന്ന് പറയുന്നവരോട് പിന്നെ എപ്പോൾ എന്ന ചോദ്യമാണ് ഉള്ളത്. ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടത് നാളെ. എത്ര എതിർപ്പുയർത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യും. 

ജനങ്ങൾക്ക് സേവനം നൽകാനാണ് ഉദ്യോഗസ്ഥരുള്ളത്. കാര്യങ്ങൾ നടത്താൻ ചില്ലറ സമ്പാദിച്ചു കളയാം എന്ന് വിചാരിക്കുന്നവരുണ്ട്. അത്തരം ചിലർ സിവിൽ സർവീസിന് ചേർന്നവരല്ല. കാര്യങ്ങൾ നടത്താൻ ഏജന്റുമാരും അവരെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അവരോട് പറയാനുളളത്, അത് കൈവിട്ട കാര്യമാണ് എന്നതാണ്. അഴിമതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.