തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് വീണ് യുവാവ് മരിച്ചു; മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 03:35 PM  |  

Last Updated: 20th March 2022 03:35 PM  |   A+A-   |  

police case

സനോബര്‍

 

തിരുവനന്തപുരം: പൊലീസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. 

കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ സനോബര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ പൂന്തുറ പൊലീസ് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെയ്ക്കണമെന്ന് വീട്ടുകാര്‍ അഭ്യര്‍ഥിച്ചു. അതിനിടെ കുപ്പിച്ചില്ല് ഉപയോഗിച്ച് കൈ മുറിച്ച് യുവാവ് പരിക്കേല്‍പ്പിച്ചു. യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തന്നെ പൊലീസ് കൊണ്ടുവന്നു. എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെയ്ക്കണമെന്നും അല്ലെങ്കില്‍ വീണ്ടും മര്‍ദ്ദിക്കുമെന്നും വീട്ടുകാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. 

ഇതനുസരിച്ച് കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് വീണത്. അപകടശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനോബര്‍ നാല് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജീപ്പില്‍ നിന്ന് ചാടിയപ്പോഴാണ് പരിക്ക് പറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ സനോബര്‍ ചാടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.