45 ലക്ഷം രൂപ തട്ടി; സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസും 

കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത്
ദിലീപ്, സായ് ശങ്കർ
ദിലീപ്, സായ് ശങ്കർ

കൊച്ചി: വധ ഗൂഢാലോചനക്കേസിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നേരിടുന്ന കോഴിക്കോട്ടെ സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നൽകാമെന്ന് വാ​ഗ്ദാനം നൽകി 45 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത്. 

2019–20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞാണ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തതായും മിൻഹാജ് ആരോപിച്ചു. നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു.

2020 സെപ്റ്റംബറിൽ മിൻഹാജ് സായി ശങ്കറിനെതിരെ ഇതേ പരാതി നൽകിയിരുന്നെങ്കിലു തെളിവുകളൊന്നും ഹാജരാക്കാതിരുന്നതിനാൽ പൊലീസ് കേസെടുത്തില്ല. ഇപ്പോൾ നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്. ഇയാൾക്കെതിരെ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും മിൻഹാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com