'ആ സെല്‍ഫി സാധാരണ നടപടി', ദുഃഖമില്ലെന്ന് ജെബി മേത്തര്‍; കൗൺസിലർ സ്ഥാനം രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 02:48 PM  |  

Last Updated: 20th March 2022 02:48 PM  |   A+A-   |  

jebi mather reaction on dileep selfie

ജെബി മേത്തര്‍ ദിലീപിനൊപ്പം/ ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണ നടപടിയാണ്. ആലുവ നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്കാണ് ദിലീപ് എത്തിയത്. സെല്‍ഫി എടുത്തതില്‍ ദുഃഖമില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു. 

ദിലീപിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതോടെയാണ് ജെബി മേത്തറിന്റെ വിശദീകരണം. അത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. നഗരസഭ പരിപാടിയില്‍ അതിഥികളെ തീരുമാനിക്കുന്നത് താനല്ല. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. നടിക്ക് വേണ്ടി പി ടി തോമസിനൊപ്പം പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് താനെന്നും ജെബി മേത്തര്‍ പറഞ്ഞു. 

2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക  മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സഹപ്രവര്‍ത്തകയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കാനായി ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എന്നാണ് നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണായിരുന്നു ജെബി മേത്തര്‍. 

തനിക്ക് ഒന്നിലേറെ പദവികള്‍ വഹിക്കാന്‍ കഴിവുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും, കെവി തോമസിന്‍രെ മകന്റെ വിമര്‍ശനത്തിന് മറുപടിയായി ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ചത് ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ്. അതില്‍ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അത് അംഗീകരിക്കേണ്ടി വരുമെന്നും ജെബി മേത്തര്‍ പറഞ്ഞു. 

രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ജെബി മേത്തര്‍ നഗരസഭ കൗണ്‍സിലര്‍ പദവിയും വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയും രാജിവെച്ചു. വാര്‍ഡിലെത്തി ജനങ്ങളെ കണ്ട ശേഷമായിരുന്നു രാജിക്കത്ത് കൈമാറിയത്. നാളെ ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് സൂചന.