ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റ്; വിവാദ പ്രസ്താവനയുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 04:38 PM  |  

Last Updated: 20th March 2022 04:45 PM  |   A+A-   |  

azeez

ജെബി മേത്തര്‍, എ എ അസീസ്/ ഫയല്‍

 

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന് ആര്‍എസ്പി. ജെബി മേത്തര്‍ പണം കൊടുത്ത് വാങ്ങിയതാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. ജെബി മേത്തറിന് സീറ്റ് നല്‍കിയതിലൂടെ പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് നല്‍കാനായെന്നും അസീസ് പറഞ്ഞു. ആര്‍വൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിവാദപരാമര്‍ശം. 

ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുവാങ്ങാനെന്ന പേരില്‍ സിപിഎം റഹിമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. അപ്പോള്‍ ഇപ്പുറത്ത് കോണ്‍ഗ്രസിന്റെ ഒരുപിടി ആളുകള്‍ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആര്‍ക്കാ കിട്ടിയത്. ജെബി മേത്തര്‍ക്ക്. കാശുകൊടുത്ത് അതങ്ങു വാങ്ങിച്ചു. അസീസ് പറഞ്ഞു. 

അതുകൊണ്ട് രണ്ടുകാര്യമാണ് നടന്നത്. ഒന്ന് ചെറുപ്പക്കാരിയായ പെണ്ണ്. രണ്ട് ന്യൂനപക്ഷത്തിലെ, മുസ്ലിം സമുദായത്തിലെ ഒരു പെണ്ണ്. സിപിഎം റഹിമിന് കൊടുത്തപ്പോള്‍ കോണ്‍ഗ്രസ് ഒരു മുസ്ലിം വനിതയ്ക്കാണ് സീറ്റ് കൊടുത്തതെന്നും അസീസ് പറഞ്ഞു.  

ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തിയും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് ഘടകകക്ഷിയുടെ ആരോപണം. ആര്‍എസ്പിയുടെ ആരോപണം യുഡിഎഫില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

അതിനിടെ, പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എഎ അസീസ് രംഗത്തെത്തി. പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് എഎ അസീസ് പറഞ്ഞു. പേയ്‌മെന്റ് സീറ്റാണെന്ന് പറഞ്ഞിട്ടില്ല. യൂത്ത് കോണ്‍ഗ്രസിലെ നേതാക്കള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാണ് ചൂണ്ടിക്കാട്ടിയത്. രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തതെന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് വിശദീകരിക്കുന്നു.