'തന്നേക്കാള്‍ സമുന്നതസ്ഥാനം എം എസ് സുബ്ബലക്ഷ്മിക്ക് നല്‍കിയ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു'

പാലക്കാട് ഗവ.മോയന്‍ എല്‍ പി സ്‌കൂളില്‍ പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ  പുരോഗമന കലാസാഹിത്യ സംഘം അപലപിച്ചു
നീനാ പ്രസാദ് , ഫെയ്‌സ്ബുക്ക്
നീനാ പ്രസാദ് , ഫെയ്‌സ്ബുക്ക്

കൊച്ചി: പാലക്കാട് ഗവ.മോയന്‍ എല്‍ പി സ്‌കൂളില്‍ പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ  പുരോഗമന കലാസാഹിത്യ സംഘം അപലപിച്ചു. 'തൊട്ടടുത്തു താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പരിപാടി നിര്‍ത്തിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. രാത്രി 8.30നു തന്നെ പരിപാടി തടസ്സപ്പെടുത്താന്‍ അദ്ദേഹം കല്‍പ്പിച്ചതായി അറിയുന്നു'. - പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

പാലക്കാട് ഗവ.മോയന്‍ എല്‍.പി.സ്‌കൂളില്‍ ഒരു സാംസ്‌കാരിക സദസ്സിന്റെ അനുബന്ധമായി പ്രശസ്ത നര്‍ത്തകി ഡോ: നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു. തൊട്ടടുത്തു താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പരിപാടി നിര്‍ത്തിവെക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയാണുണ്ടായത്. രാത്രി 8.30നു തന്നെ പരിപാടി തടസ്സപ്പെടുത്താന്‍ അദ്ദേഹം കല്‍പ്പിച്ചതായി അറിയുന്നു. 

ലോകത്തില്‍ പലയിടത്തും ഇന്ത്യയിലും മതഭീകരസംഘങ്ങള്‍ അധികാരത്തിലെത്തിയിരിക്കുന്ന കാലമാണിത്. അവര്‍ ഏറ്റവും അസഹിഷ്ണതയോടെ കാണുന്നത് കലയേയും സാഹിത്യത്തേയുമാണ്. മതരാഷ്ട്രീയക്കാരില്‍ നിന്നു പുറപ്പെടുന്ന ഈ അസഹിഷ്ണുത ജനാധിപത്യവിരുദ്ധതയുടെ വിളനിലമായ മധ്യവര്‍ഗ്ഗമനസ്സുകളെ ബാധിച്ചിരിക്കുന്നു. എറണാകുളം നഗരത്തിലെങ്ങും ചുവന്നകൊടികള്‍ കണ്ടപ്പോള്‍ ചിലര്‍ വിറളിപിടിച്ചതായി ഈയിടെ കേട്ടു. അധികാരത്തിന്റെ ഏതു തലത്തിലിരിക്കുന്നവരും ഓര്‍ക്കേണ്ട ഒരു സംഗതി: കലയേയും സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളേയും പൗരസ്വാതന്ത്ര്യത്തേയും ആദരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത് എന്നാണ്.  സംസ്‌കാരത്തിന്റേയും മതേതര ജനാധിപത്യത്തിന്റേയും മാധ്യമമായ കലാരൂപങ്ങള്‍ക്കെതിരായ നീക്കം കേരളത്തില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. ബ്യൂറോക്രാറ്റുകളേക്കാളും ന്യായാധിപന്മാരേക്കാളും ഉയര്‍ന്ന പരിഗണനയാണ് ഇവിടത്തെ ജനങ്ങള്‍ എന്നും കലാകാരന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്. തന്നേക്കാള്‍ സമുന്നതസ്ഥാനം ഒരു ഗായികക്ക് (എം.എസ്.സുബ്ബലക്ഷ്മിക്ക്) നല്‍കിയ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നത് ഓര്‍ക്കണം.

രണ്ടു പ്രളയങ്ങളും തുടര്‍ന്ന് കോവിഡ് മഹാമാരിയും കേരളത്തിലെ പെര്‍ഫോമന്‍സ് ആര്‍ടിസ്റ്റുകളുടെ ജീവിതത്തെ പാടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പതുക്കെ പതുക്കെ അരങ്ങുകള്‍ ഉണര്‍ന്നു വരികയാണ്. ജനങ്ങള്‍ കലാവിഷ്‌ക്കാരവേദികളിലേക്ക് ആവേശത്തോടെ കടന്നു വരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു സര്‍ഗ്ഗാവിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ഭീഷണിയെ ജനങ്ങള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com