100 കോടിയുടെ ആഡംബര ഹെലികോപ്റ്റർ, ‘എയർബസ് എച്ച് 145’ ഇനി കേരളത്തിൽ പറക്കും; ഇന്ത്യയിലെ ആദ്യത്തെ ഉടമ രവി പിള്ള 

കോവളത്തെ റാവിസ് ഹോട്ടൽസ് മുതൽ റാവിസ് അഷ്ടമുടി വരെ യാത്ര നടത്തിയായിരുന്നു ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം
എയർബസ് എച്ച് 145നൊപ്പം രവി പിള്ള
എയർബസ് എച്ച് 145നൊപ്പം രവി പിള്ള

തിരുവനന്തപുരം: ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ ‘എയർബസ് എച്ച് 145’ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി രവി പിള്ള. ഇന്നലെ കോവളത്തെ റാവിസ് ഹോട്ടൽസ് മുതൽ റാവിസ് അഷ്ടമുടി വരെ യാത്ര നടത്തിയായിരുന്നു ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം. ഉദ്ഘാടന യാത്രയിൽ ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവിപിള്ള പങ്കെടുത്തു‌. 

100 കോടിയോളം രൂപ മുടക്കിയാണ് ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ഹെലികോപ്റ്റർ കേരളത്തിലെത്തിച്ചത്. പൈലറ്റിനെ കൂടാതെ ഏഴ് പേർക്ക് ഇതിൽ യാത്ര ചെയ്യാം. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ആശയവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്. അഞ്ച് റോട്ടർ ബ്ലേഡുകളുടെ അത്യാധുനിക സാങ്കേതിക വിദ്യ ഹെലികോപ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ യാത്രയിൽ ശബ്ദം ശല്യമാകില്ല. കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകൾ ഇവയിലുണ്ട്. ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവാണ്.  

എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ​ഗ്രൂപ്പ് ആലോചിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com