സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ട; ശശി തരൂരിനും കെ വി തോമസിനും അനുമതി നിഷേധിച്ച് ഹൈക്കമാന്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 06:13 PM  |  

Last Updated: 21st March 2022 06:13 PM  |   A+A-   |  

thomas

കെ വി തോമസ്, ശശി തരൂർ/ ഫയൽ

 

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും കെ വി തോമസിനും അനുമതിയില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇക്കാര്യം സോണിയാഗാന്ധി നേതാക്കളെ അറിയിച്ചു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെപിസിസി നേതൃത്വം വിലക്കിയിരുന്നു. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങലെ സിപിഎം കണ്ണീര് കുടിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ജനം പുച്ഛിക്കുമെന്നാണ് കെ സുധാകരന്റെ നിലപാട്. 

കെപിസിസിയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരും കെ വി തോമസും സോണിയാഗാന്ധിയെ വിവരം അറിയിക്കുകയും നിലപാട് തേടുകയുമായിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരു നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചത്. 

കെപിസിസി എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് സോണിയാഗാന്ധി നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുമെന്ന് കെ വി തോമസ് അറിയിച്ചു. സെമിനാറില്‍ നിന്നും വിലക്കിയ കെപിസിസി നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.