ദേവസ്വം ബോര്‍ഡ് നിയമനം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 04:08 PM  |  

Last Updated: 21st March 2022 04:08 PM  |   A+A-   |  

Thushar Vellappally

തുഷാര്‍ വെള്ളാപ്പള്ളി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ പക പോക്കല്‍ കാരണമാകാം കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 

തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെ, ദേവസ്വത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്‌നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ ബോര്‍ഡംഗവുമായിരുന്ന എ രാജുവിനെ യോഗ്യതയില്ലാതെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നിലും കെ രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചതു സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നത്. 

കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ അന്വേഷണം നടത്തി തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രവും ഫയല്‍ ചെയ്തത്. എന്നാല്‍ കുറ്റപത്രവും, കേസും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഊ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. നിയമനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.