ഡീസല്‍ വില വര്‍ധന സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി; കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 05:22 PM  |  

Last Updated: 22nd March 2022 06:06 PM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 


കൊച്ചി: ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. വില വര്‍ധന സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വില വിപണി വിലയിലും കൂട്ടി നിശ്ചയിച്ചതു ചോദ്യം ചെയ്തു കെഎസ്ആര്‍ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസിക്കു ലീറ്ററിന് 21 രൂപ നിരക്കില്‍ അധികം നല്‍കേണ്ടി വരുന്നതു വന്‍നഷ്ടം ഉണ്ടാക്കുമെന്നു ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. വിലവര്‍ധനപോലുള്ള നയപരമായ നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിലവര്‍ധിപ്പിക്കുന്നതിന്റ രീതി ഏതാണെന്ന് സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഏകദേശം 10,000 കോടി രൂപയാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായത്തിലാണു പിടിച്ചുനില്‍ക്കുന്നത്. കോവിഡ് വ്യാപനത്തിനു മുന്‍പു കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 18.41 ലക്ഷമായി കുറഞ്ഞു. കൂടിയ ഡീസല്‍വില പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കും. കെഎസ്ആര്‍ടിസിയില്‍ 26,578 സ്ഥിരം ജീവനക്കാരും 41,000 പെന്‍ഷന്‍കാരും ഉണ്ട്. ശമ്പളം നല്‍കാന്‍ വര്‍ഷം തോറും 1020 കോടി രൂപയും പെന്‍ഷന്‍ നല്‍കാന്‍ 820 കോടി രൂപയും വേണം. പ്രതിമാസം 124.77 കോടി രൂപയാണു വരുമാനം. ചെലവ് 312.54 കോടി രൂപയും. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു 3,458.34 കോടി രൂപയും സര്‍ക്കാരില്‍ നിന്ന് 7,712.02 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്.