കള്ളാ... കേൾക്കുന്നുണ്ടോ? 'ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മകന്റെ സൈക്കിൾ തിരിച്ചു തരൂ'- ബസ് സ്റ്റോപ്പിൽ കുറിപ്പ് എഴുതി വച്ച് പിതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 07:43 AM  |  

Last Updated: 22nd March 2022 07:43 AM  |   A+A-   |  

cycle

കുറിപ്പ്

 

തൃശൂർ: 10ാം ക്ലാസുകാരനായ മകന്റെ മോഷണം പോയ സൈക്കിൾ തിരികെ കിട്ടാൻ‌ പിതാവ് ബസ് സ്റ്റോപ്പിൽ കുറിപ്പ് എഴുതി ഒട്ടിച്ചു. ചേർപ്പിന് സമീപം എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദ്ദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ശനിയാഴ്ച കാണാതായത്.

വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കിളിൽ വന്നാണ് കുട്ടി സ്കൂളിലേക്ക് പോവുയിരുന്നത്. ബന്ധു നൽകിയ പഴയ സൈക്കിളാണ് ഇത്. ഈ സൈക്കിളാണ് കാണാതായത്. 

സൈക്കിൾ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. അവന്റെ സങ്കടം കൂടി കണ്ടതോടെ സൈഫുദ്ദീന് സഹിച്ചില്ല. കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു. മനസിനെ തൊടുന്നതാണ് പിതാവിന്റെ കുറിപ്പ്. 

'എന്റെ മകൻ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ലേഡി ബേർഡ് സൈക്കിൾ ഇവിടെ നിന്നു ആരോ മനപൂർവമോ അല്ലാതെയോ ഇന്നലെ (19.3.2022) ശനിയാഴ്ച എടുത്തുകൊണ്ടു പോയ വിവരം ഖേദപൂർവം അറിയിക്കുന്നു. മകൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴേതൊരണ്ണമോ വാങ്ങി നൽകാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല.

അതിനാൽ മകന്റെ ആ സൈക്കിൾ എടുത്തയാൾ ഇതു വായിക്കുവാനിടയായാൽ ഞങ്ങളുടെ പരിതാപ സ്ഥിതി മനസിലാക്കി ആ സൈക്കിൾ ഞങ്ങൾക്കു തന്നെ തിരിച്ചു തരണമേയെന്നും വിനീതമായി അപേക്ഷിക്കുന്നു. ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക 8606161369 നമുക്കെല്ലാവർക്കും എന്നും നന്മ വരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ'. 

സൈക്കിൾ എടുത്തയാളുടെ ശ്രദ്ധയിൽ ഈ ബോർഡ് പെട്ടാൽ മകന് സൈക്കിൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിതാവ്.