വീടിന് തീപിടിച്ചു, തീയണച്ചപ്പോള്‍ 63കാരന്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 08:52 PM  |  

Last Updated: 23rd March 2022 08:52 PM  |   A+A-   |  

DEATH

ജയപ്രകാശ്‌

 

തൃശൂര്‍: ചെന്ത്രാപ്പിന്നിയില്‍ 63 കാരനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നേതാജി റോഡില്‍ ഏങ്ങൂര് വീട്ടില്‍ ജയപ്രകാശാണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അയല്‍വാസികളാണ്  വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. വീടിന് തീപിടിച്ചെന്ന് കരുതി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടികയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തുറന്നു കിടന്നിരുന്ന ജനല്‍ പാളിയിലൂടെ വെള്ളമൊഴിച്ച് തീയണച്ചപ്പോഴാണ് ഒരാള്‍ കട്ടിലില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടത്. 

ഇരു നില വീട് പൂട്ടിയിട്ട നിലയിലായിരുന്നു.  വീടിന്റെ മുകളിലത്തെ വാതില്‍ പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. സംഭവ സമയം ജയപ്രകാശ് വീട്ടില്‍ തനിച്ചായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയപ്രകാശിനെ വീടിന് മുന്നില്‍ കണ്ടിരുന്നതായി പറയുന്നു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ജയപ്രകാശിന്റെ ഭാര്യ ഡോ.രഞ്ജിനി ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ജയപ്രകാശ്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടിക ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ എ എല്‍ ലാസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.