ദിലീപ് തുടരെ വിളിച്ചു, തെളിവ് മായ്ച്ചു; സീരിയല്‍ രംഗത്തെ രണ്ട് യുവതികളെ ചോദ്യം ചെയ്തു; പ്രമുഖ യുവനടിയും അന്വേഷണപരിധിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 10:32 AM  |  

Last Updated: 23rd March 2022 10:32 AM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സീരിയല്‍ രംഗത്തെ രണ്ട് യുവതികളില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികളെയാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ ഫൊറന്‍സിക് പരിശോധന നടത്തിയ ഘട്ടത്തില്‍ ദിലീപും ഇവരും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ ആശയ വിനിമയത്തിന്റെ തെളിവുകള്‍ മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ദിലീപിന്റെ മുന്‍ നായികയായിരുന്ന ഒരു പ്രശസ്ത നടിയേയും അടുത്ത ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. വിദേശത്ത് താമസമാക്കിയിരുന്ന ഇവര്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ഇവരുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും മായ്ച്ചുകളഞ്ഞവയില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. 

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷമ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു എം പൗലേസിന്റെ മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. 

എന്നാല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ചെന്നൈയിലേക്ക് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാളെ ഹാജരാകാനാകില്ലെന്നും ദിലീപ് അന്വേഷണസംഘത്തെ അറിയിച്ചു. ശനിയാഴ്ച മടങ്ങിയെത്തുമെന്നും ദിലീപ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പുതിയ തെളിവുകളുടെ വെളിച്ചത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കാന്‍ മാറ്റി. സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകാന്‍ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.