എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ട് ആന പേടിച്ചു, ആളുകൾ ചിതറിയോടി; ആനയില്ലാതെ ക്ഷേത്രത്തിലെ കാഴ്ചശീവേലി
By സമകാലിക മലയാളം ഡെസ്ക് | Published: 23rd March 2022 07:31 AM |
Last Updated: 23rd March 2022 07:31 AM | A+A A- |

ഫയല്‍ ചിത്രം
തൃശൂർ; അമ്പലത്തിലെ കോഴികളെ കണ്ട് ആന ഭയന്നതിനെ തുടർന്ന് ക്ഷേത്രത്തിൽ ആനയില്ലാതെ കാഴ്ചശീവേലി നടത്തി. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. എഴുന്നള്ളിപ്പിന് എത്തിച്ച ചിറ്റേപുറത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് കോഴികളെ കണ്ട് പേടിച്ചത്. ആനയുടെ വെപ്രാളം കണ്ട് പേടിച്ച് ആളുകൾ ഓടിയതോടെ കാഴ്ചശീവേലി ആനയില്ലാതെ നടത്തുകയായിരുന്നു.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കായി എഴുന്നള്ളത്തിന് എത്തിച്ചതാണ് ശ്രീക്കുട്ടനെ. എന്നാൽ ക്ഷേത്രത്തിലെ കോഴികളെ കണ്ട് ആന ഭയന്നു. എഴുന്നള്ളിപ്പിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് തുടർന്നതോടെ പിന്നീട് ആനയില്ലാതെ കാഴ്ചശീവേലി നടത്തുകയായിരുന്നു.
ആനയെ പിന്നീട് തിരിച്ചുകൊണ്ടുപോയി. മറ്റുക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി ഭക്തർ വഴിപാടായി പൂവൻ കോഴികളെ ക്ഷേത്രത്തിൽ സമർപ്പിക്കും. ഇതിനാൽ കോഴി അമ്പലം എന്ന പേരിലും പഴയന്നൂർ ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ്.