'ഷാര്‍പ്പ് ലൊക്കേഷന്‍' അയക്കും; 'ടാസ്‌ക് കംപ്ലീറ്റഡ്'; കൊച്ചിയില്‍ എംഡിഎംഎയുമായി ഐടി വിദഗ്ധന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 05:54 PM  |  

Last Updated: 23rd March 2022 05:54 PM  |   A+A-   |  

'night Riders task team' with MDMA

അറസ്റ്റിലായ ഹരികൃഷ്ണന്‍

 

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 'നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം' എന്ന മയക്ക് മരുന്ന് വിതരണ ശ്യംഖലയിലെ  പ്രധാനിയായ ഐ ടി വിദഗ്ധന്‍ എംഡിംഎംഎ യുമായി പിടിയില്‍. ഇലക്ട്രോണിക് എഞ്ചിനിയറിംഗ് ബിടെക് ബിരുദധാരിയായ ചേര്‍ത്തല  ഹരികൃഷ്ണനെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. 

നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു ഇയാള്‍ മയക്ക് മരുന്ന് ശ്യംഖല വ്യാപിപ്പിച്ചിരുന്നത്. ഏജന്റ് മുഖേന ബംഗളൂരില്‍ നിന്ന് മൊത്തമായി എംഡിഎംഎ വാങ്ങിയ ശേഷം ' നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം ' എന്ന പ്രത്യേക ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി യുവാക്കളെ ഉപയോഗിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. മയക്ക് മരുന്നുമായി അര്‍ധരാത്രിക്ക് ശേഷം മാത്രം പുറത്തിറങ്ങുന്ന ഇയാള്‍, ഒരിക്കല്‍ പോലും നേരിട്ട് വില്‍പ്പന നടത്താറില്ല. എംഡിഎംഎ അടങ്ങിയ പോളിത്തീന്‍ പാക്കറ്റ് ടൗണ്‍ ഭാഗങ്ങളില്‍ തിരക്കൊഴിഞ്ഞ ഇട റോഡുകളില്‍ സുരക്ഷിതമായ സ്ഥലത്ത് ഇട്ടശേഷം, മയക്ക് മരുന്ന് എടുത്ത് വിതരണം ചെയ്യാന്‍ വരുന്നവരുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് മയക്ക് മരുന്ന്  ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ 'ഷാര്‍പ്പ് ലൊക്കേഷന്‍' അയച്ച് നല്‍കുന്നതാണ് ഇടപാടിന്റെ രീതി. ഇതിന് പ്രത്യേകം കോഡും ഉണ്ട്. അത് 'പണി ഡ്രോപ്പ് ചെയ്തിട്ടുണ്ട് ' എന്നാണ് ഇടുന്നയാളുടെ കോഡ്. മയക്ക് മരുന്ന് എടുത്ത ശേഷം വിതരണക്കാരന്‍  'ടാസ്‌ക് കംപ്ലീറ്റഡ്' എന്ന മറുകോഡ് കണ്‍ഫര്‍മേഷന്‍ ആയി ഇയാള്‍ക്ക് അയച്ച് നല്‍കണം. 

ഇയാളില്‍ നിന്ന് ഇത്തരത്തില്‍ എംഡിഎംഎ എടുത്ത് വിതരണം ചെയ്യുന്ന ഏതാനും യുവാക്കള്‍ അടുത്തിടെ പിടിയിലായി എങ്കിലും ഇയാളിലേയ്ക്ക് എത്തിപ്പെടുവാന്‍ കഴിഞ്ഞിരുന്നില്ല. വിരണക്കാരില്‍ പലരും നേരില്‍ ഇയാളെ കണ്ടിട്ടു പോലുമില്ലെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യത്യസ്ത ഫോണ്‍ നമ്പറുകളും, വെവ്വേറ ടെലിഗ്രാം ഐഡികളും, വാഹനങ്ങും ഉപയോഗിച്ച് അതീവ സമര്‍ത്ഥമായാണ് ഇയാള്‍ മയക്ക് മരുന്ന് കൈമാറ്റം നടത്തി വന്നിരുന്നത്. ഒരു ഗ്രാം എംഡിഎംഎ വില്‍പ്പന നടത്തിയാല്‍ വിതരണക്കാരന് ഇയാള്‍ 1000 രൂപ കമ്മീഷന്‍ നല്‍കിയിരുന്നു.  പ്രധാനമായും ഹോസ്റ്റലുകളില്‍ താമസിച്ച് വരുന്ന യുവാക്കളെയാണ് മയക്ക് മരുന്ന് സംഘം ലക്ഷ്യം വച്ചിരുന്നത്. 

ഇയാളെ ഏത് വിധേനയും പിടികൂടുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും, എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചും സംയുക്തമായി  പ്രത്യേക ടീം ആയി തിരിഞ്ഞ് ടൗണ്‍ ഭാഗങ്ങളില്‍ ഇയാള്‍ വരുവാന്‍ സാധ്യതയുള്ള ഇടറോഡുകളില്‍ നിരീക്ഷണം ശക്തമാക്കി വരവെ ഇയാള്‍ വൈറ്റിലക്കടുത്ത് ചളിക്കവട്ടം കുഴുവേലി ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള ഇടറോഡില്‍ എംഡിഎംഎ യുമായി എത്തിയിട്ടുണ്ടെന്ന് ഷാഡോ ടീം ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്‍തുടര്‍ന്ന് എത്തിയ എക്‌സൈസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിടിക്കപ്പെട്ടതിന് ശേഷവും മാരക അക്രമം അഴിച്ചുവിട്ട ഇയാള്‍ കണ്ടുനിന്ന നാട്ടുകാരില്‍ ഭീതി ഉളവാക്കി. അരഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് 5 ഗ്രാം എംഡിഎംഎ ആണ്. വെറും മൈക്രോ ഗ്രാം മാത്രം മതി മണിക്കൂറുകളോളം ഇതിന്റെ രാസലഹരി നീണ്ടു നില്‍ക്കാന്‍. അളവ് അല്‍പം കൂടിയാല്‍ ഒരു പക്ഷേ ഉപഭോക്താവ് മരണപ്പെട്ടേക്കാം. ഈ മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍ , അസ്സി. ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സത്യ നാരായണന്‍ ഇ.എസ്, രമേശന്‍ കെ.കെ, സിറ്റി മെട്രോ ഷാഡോയിലെ എന്‍.ഡി. ടോമി, എന്‍.ജി അജിത് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതീഷ്, വിമല്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.