'പുട്ടും വേണ്ട, പുട്ടിന്റെ പരസ്യവും വേണ്ട'; വൈറല്‍ താരം ജയിസിനു പിന്നാലെ പുട്ടു കമ്പനികള്‍, താത്പര്യമില്ലെന്ന് മറുപടി

പുട്ടിനോടു തന്നെയല്ല, പുട്ടിന്റെ പരസ്യത്തോടും നോ പറഞ്ഞിരിക്കുകയാണ് ജയിസ്
'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്
'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്

തിരുവനന്തപുരം: പുട്ടിനെക്കുറിച്ചുള്ള ഒറ്റ കുറിപ്പിലൂടെയാണ് ഒന്‍പതുകാരന്‍ ജയിസ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. പുട്ട് ബന്ധങ്ങളെ തകര്‍ക്കും എന്നായിരുന്നു ജയിസിന്റെ കുറിപ്പിന്റെ സാരമെങ്കിലും ഇപ്പോള്‍ ഈ മിടുക്കനെ പരസ്യ മോഡല്‍ ആക്കാന്‍ ക്യൂ നില്‍ക്കുകയാണ് പുട്ട് കമ്പനികള്‍! എന്നാല്‍ ജയിസിന് ആവട്ടെ, പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും വലിയ താത്പര്യമില്ല. പരസ്യത്തില്‍ അഭിനയിക്കാനില്ല എന്നാണ് ജയിസ് കമ്പനികളെ അറിയിച്ചിരിക്കുന്നത്. 

ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാ പരീക്ഷയിലെ നിര്‍ദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്.

'കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും' എന്നു പറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്. ജയിസിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കുവച്ചിരുന്നു.

'എക്‌സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. ബംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന അച്ഛനും അമ്മയും നാട്ടില്‍ പോയി വരുമ്പോള്‍ കുറെ വാഴപ്പഴം കൊണ്ടുവരും. പിന്നെ ദിവസവും വീട്ടില്‍ പുട്ടും പഴവുമാണ്. അപ്പവും ചിക്കനുമൊക്കെ കഴിക്കേണ്ട സമയത്ത് ദിവസവും പുട്ടും പഴവും കഴിക്കേണ്ടി വന്നതോടെയാണ് ജയിസ് പുട്ടു വിരോധിയായത്. 

അറിയപ്പെടുന്ന പുട്ടു വിരോധി ആയെങ്കിലും ആറ് പുട്ടുപൊടി കമ്പനികളാണ് തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ജയിസിനെ സമീപിച്ചത്. മാതാപിതാക്കളെയാണ് കമ്പനികള്‍ താത്പര്യം അറിയിച്ചത്. ഇക്കാര്യം പറഞ്ഞപ്പോള്‍ താനില്ല എന്നായിരുന്നു ജയിസിന്റെ പ്രതികരണമെന്ന് പിതാവ് സോജി പറയുന്നു. ഒരു കമ്പനിയുടെ പ്രതിനിധികള്‍ ബംഗളൂരുവില്‍ നേരിട്ടെത്തി ജയിസുമായി സംസാരിച്ചു. കാമറയും സന്നാഹങ്ങളുമൊക്കെയായി ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പോടെയായിരുന്നു ഇവരുടെ വരവ്. ജയിസിനെ പറഞ്ഞു സമ്മതിപ്പിക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ പുട്ടിനോടു തന്നെയല്ല, പുട്ടിന്റെ പരസ്യത്തോടും നോ പറഞ്ഞിരിക്കുകയാണ് ജയിസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com