മുഖ്യമന്ത്രി  ഇന്ന് പ്രധാനമന്ത്രിയെ കാണും; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിര്‍ണായകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 06:51 AM  |  

Last Updated: 24th March 2022 06:54 AM  |   A+A-   |  

pinarayi_modi

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 ന് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാകും കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. 

പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ  ധരിപ്പിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് പിണറായി-മോദി കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാവി നിര്‍ണയിക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഇതെന്നാണ് കരുതുന്നത്. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്ക് അനുകൂലമായ നിലപാടല്ല കേന്ദ്രത്തിനും ഉള്ളതെന്നാണ് റെയില്‍വേ മന്ത്രി  കഴിഞ്ഞദിവസം ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടാന്‍ നേരിട്ടിറങ്ങുന്നത്.

പദ്ധതിയുടെ പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു റെയില്‍വേ മന്ത്രി പറഞ്ഞത്. യു ഡിഎഫ് എംപിമാര്‍ ലോക്‌സഭയില്‍ കെ റെയില്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ നിന്നും വിരുദ്ധമായിരുന്നു ഈ പ്രസ്താവന. കെ റെയില്‍ എം ഡി വി. അജിത് കുമാറും ഡല്‍ഹിയിലുണ്ട്. രണ്ടുദിവസമായി അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്.