ഉപയോഗിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട; 12 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥ; പാര്‍ട്ടി ഡ്രഗ്ഗുമായി വിദ്യാര്‍ഥി പിടിയില്‍

ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 
മാരക രാസലഹരി മരുന്നുമായി പിടിയിലായ വിദ്യാര്‍ഥി
മാരക രാസലഹരി മരുന്നുമായി പിടിയിലായ വിദ്യാര്‍ഥി

കൊച്ചി: എറണാകുളം ടൗണ്‍ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തില്‍ മാരക രാസലഹരി മരുന്നുമായി കോളേജ് വിദ്യാര്‍ഥി പിടിയില്‍. 21കാരനായ മനുനാഥ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.  

3.5 ഗ്രാം രാസലഹരി മരുന്ന് പിടിച്ചെടുത്തു. ഇയാള്‍ മയക്ക് മരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ന്യൂജനറേഷന്‍ ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ ഇടനിലക്കാര്‍ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത് കൊണ്ട് ഇയാളില്‍ നിന്ന് നിരവധി പേര്‍ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. എറണാകുളം നോര്‍ത്ത് ഭാഗത്ത് നടത്തപ്പെട്ടിരുന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക്  മയക്ക് മരുന്ന് എത്തിക്കുന്നതിന് വേണ്ടി എറണാകുളം നോര്‍ത്ത് സെന്റ് ബനഡിക്ട് റോഡില്‍ ഇടനിലക്കാരനെ കാത്തു നില്‍ക്കുമ്പോഴാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

പതിവായി എറണാകുളം ടൗണ്‍ ഭാഗങ്ങളില്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്ന ഇയാളെ കുറിച്ചുള്ള രഹസ്യ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഷാഡോ സംഘത്തിന്റെ  നിരീക്ഷണത്തിലായിരുന്നു. ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഇയാള്‍ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. ഗ്രാമിന് 2000- ത്തില്‍ പരം രൂപയ്ക്ക് വാങ്ങി 4000 മുതല്‍ 7000 രൂപ നിരക്കില്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു.  പാര്‍ട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉന്‍മാദാവസ്ഥയില്‍ തുടരുവാന്‍ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 

ഇത് ഉപയോഗിച്ച്  തുടങ്ങിയാല്‍ ഇതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, അസ്സി. ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. രാംപ്രസാദ്, സിറ്റി മെട്രോ ഷാഡോയിലെ എന്‍.ഡി. ടോമി, എന്‍.ജി. അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസമാരായ ബി.ജിതീഷ് , ടി. അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com