തൃശൂരിൽ ഡിസിസി മാർച്ച് അക്രമാസക്തം; യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുടെ തലയ്ക്ക് പരിക്ക് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 08:36 PM  |  

Last Updated: 24th March 2022 08:36 PM  |   A+A-   |  

dcc

മാർച്ചിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി

 

തൃ‌ശൂർ: സിൽവർ ലൈനിനെതിരെ ഡൽഹിയിൽ സമരം ചെയ്ത യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്‌ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ നഗരത്തിൽ കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശി. 

ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പ്രഭുദാസ് പാണേങ്ങാടന്റെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ തൃശൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. 

പാർലമെന്റിന് സമീപം വിജയ് ചൗക്കിലാണ് യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തത്. സിൽവർ ലൈൻ വിഷയത്തിൽ വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാർ. തുടർന്ന് ഇവിടെ നിന്നു പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാർച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. 

ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയവരെ പൊലീസ് ബലമായി മാറ്റി. ഹൈബി ഈഡന്റെ മുഖത്തടിച്ചു. ബെന്നി ബഹനാനെ കോളറിൽ പിടിച്ച് മാറ്റി. ടിഎൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. പാർലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാൻ കൂട്ടാക്കിയില്ലെന്ന് എംപിമാർ വ്യക്തമാക്കി.