തിരുവാഭരണം മോഷ്ടിച്ചു, മുക്കുപണ്ടം അണിയിച്ചു; പഴയ മേല്‍ശാന്തി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 10:31 AM  |  

Last Updated: 24th March 2022 10:31 AM  |   A+A-   |  

aswanth

അറസ്റ്റിലായ മുന്‍ ശാന്തി അശ്വന്ത്/ ടെലിവിഷന്‍ ദൃശ്യം

 

കൊച്ചി: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. കൊച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ പഴയ മേല്‍ശാന്തി അശ്വന്ത് (32) ആണ് അറസ്റ്റിലായത്. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിയ്ക്ക് പ്രതിഷ്ഠയില്‍ അണിയിച്ചിരുന്ന തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നുകയും ക്ഷേത്രഭാരവാഹികളെ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ സനലും സംഘവുമാണ് അശ്വന്തിനെ പിടികൂടിയത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്. 

ബ്രാഹ്മണനെന്ന് കളവു പറ‍ഞ്ഞു

കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് അശ്വന്ത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെന്ന് കളവ് പറഞ്ഞാണ് ഇയാള്‍ ക്ഷേത്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സമാനമായ കുറ്റകൃത്യങ്ങള്‍ പല ക്ഷേത്രങ്ങളിലും ഇയാള്‍ ചെയ്തിട്ടുണ്ട്. 

ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീതിയിലുള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.  പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവിട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 25 ഗ്രാമിലേറെ തൂക്കമുള്ള  തിരുവാഭരണം കണ്ടെത്തി.

ഉദയംപേരൂരില്‍ മുല്ലമൊട്ട് മാലയില്‍ മൊട്ടുകള്‍ കൂടി

കൊച്ചി വെണ്ണല ക്ഷേത്രത്തിലെ ജോലി അവസാനിപ്പിച്ച് അശ്വന്ത് പോയത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കായിരുന്നു. വെണ്ണല ക്ഷേത്രത്തിലെ വിവരം അറിഞ്ഞ് ഉദയംപേരൂരിലെ ക്ഷേത്ര ഭാരവാഹികളും തിരുവാഭരണം പരിശോധിച്ചു. നിലവിലുള്ള മുല്ലമൊട്ട് മാലയില്‍ മൊട്ടുകള്‍ കൂടിയതായി കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ഇതും ചെമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്.