വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ, ജോലി കഴിഞ്ഞെത്തി ആഘോഷിക്കാനിരുന്നു; വിജിയെ മരണം തട്ടിയെടുത്തു
By സമകാലിക മലയാളം ഡെസ്ക് | Published: 24th March 2022 08:58 AM |
Last Updated: 24th March 2022 08:58 AM | A+A A- |

മരിച്ച വിജി/ ഫേയ്സ്ബുക്ക്
മലപ്പുറം; കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആരോഗ്യപ്രവര്‍ത്തക വിജി മരിക്കുന്നത്. ഏറ്റവും മനോഹരമായി മാറേണ്ടിയിരുന്ന ദിനത്തിലാണ് വിജിയെ മരണം തട്ടിയെടുത്തത്. ബുധനാഴ്ച വിജിയുടെ പിറന്നാളായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പിറന്നാൾ ദിനം ആഘോഷമാക്കാനിരിക്കെയായിരുന്നു ദുരന്തം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസറാണ് വിജി. ജോലിക്കായി അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഭര്‍ത്താവ് സുജീഷാണ് ഇവരെ ഒഴുകൂരില്‍നിന്ന് മൊറയൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടത്. നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ജോലികഴിഞ്ഞു വന്നതിനുശേഷം പിറന്നാൾ ആഘോഷിക്കാൻ ഇരുന്നതാണ്.
കൊണ്ടോട്ടിയിലെ ബൈപ്പാസ് റോഡില്‍ പെടോള്‍പ്പമ്പിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. മഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ മലപ്പുറം ഭാഗത്തേക്കുവന്ന ലോറി ഇടിക്കുകയായിരുന്നു. വിജി ഉള്‍പ്പെടെയുള്ളവരെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ ബസിനുള്ളില്‍നിന്ന് പുറത്തെടുത്തത്. അപകടത്തിൽ 20ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.