റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതി വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത ആരോപിച്ച് കുടുംബം
By സമകാലിക മലയാളം ഡെസ്ക് | Published: 24th March 2022 09:27 AM |
Last Updated: 24th March 2022 09:48 AM | A+A A- |

മരിച്ച ശ്രുതി
ബെംഗളൂരു; അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതി വീടിനുള്ളിൽ മരിച്ച നിലയിൽ. കാസർഗോഡ് സ്വദേശിയായ ശ്രുതിയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് ലഭിച്ചില്ല. തുടർന്ന് ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അതേസമയം, ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്.