അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; വലഞ്ഞ് ജനം

നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി എം ഡി നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഗ്രാമീണ മേഖലകളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കും. പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കെ എസ് ആര്‍ ടി സി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും. 

അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണല്‍ ട്രിപ്പുകള്‍ നടത്തേണ്ടി വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികള്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കി. യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന്‍ മേല്‍നോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെ ചുമതലപ്പെടുത്തി. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പക്ഷം പൊലീസ് സഹായം തേടണമെന്നും എംഡി നിർദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com