സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വൈകീട്ട് മാധ്യമങ്ങളെ കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 12:44 PM  |  

Last Updated: 24th March 2022 12:44 PM  |   A+A-   |  

pinarayi modi meeting

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ ട്വിറ്റര്‍ ചിത്രം

 

 ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു നിന്നു. 

ചീഫ് സെക്രട്ടറി വി പി ജോയി, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് നാലുമണിയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.

പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. 

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുന്‍പിലുള്ള കെ റെയില്‍ വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയെ വിളിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എംപിമാരെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്തു. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയ എംപിമാര്‍ക്ക് പരിക്കേറ്റു.