'പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യങ്ങള്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനല്ല'; വീട്ടുജോലിക്കാരിയുടെ പോസ്റ്റല്‍ നിക്ഷേപത്തിന് പലിശ കൊടുക്കണമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 09:54 AM  |  

Last Updated: 24th March 2022 09:54 AM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

കൊച്ചി: വീട്ടുജോലിക്കാരിയുടെ പോസ്റ്റല്‍ നിക്ഷേപത്തിന് പലിശ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വീട്ടുജോലിചെയ്ത് ജീവിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സരോജ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2012ല്‍ മുട്ടട പോസ്‌റ്റോഫീസില്‍ നിക്ഷേപിച്ച 20,000 രൂപയ്ക്ക് പണം പിന്‍വലിച്ച 2021 വരെയുള്ള കാലയളവിലെ പലിശ നല്‍കാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു

പാവപ്പെട്ട മനുഷ്യരുടെ ചെറിയസമ്പാദ്യങ്ങള്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനോ മണിമാളിക പണിയാനോ ആഡംബരജീവിതം നയിക്കാനോ അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.  ചെറിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായുള്ളതാണത്. അതിനുള്ള പലിശ നിഷേധിച്ചിട്ട് ചുവപ്പുനാട ചട്ടങ്ങള്‍ പഠിപ്പിക്കുന്നവര്‍ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സരോജ പണം നിക്ഷേപിച്ചത് 2012 നവംബര്‍ 20 ന്

2012 നവംബര്‍ 20നാണ് മുട്ടട പോസ്‌റ്റോഫീസില്‍ 54 വയസ്സുകാരിയായ സരോജ രണ്ടുവര്‍ഷത്തേക്ക് 20,000 രൂപ നിക്ഷേപിക്കുന്നത്. വീട്ടുജോലിചെയ്ത് ജീവിക്കുന്ന നിരക്ഷരയാണ് സരോജ. കാലാവധി തീരുമ്പോള്‍ നിക്ഷേപം പുതുക്കണം എന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. നിക്ഷേപം പിന്‍വലിക്കാതിരുന്നാല്‍ അന്നുവരെയുള്ള പലിശ ലഭിക്കുമെന്നായിരുന്നു അവര്‍ കരുതിയത്.

നിക്ഷേപം പുതുക്കണമെന്ന വിവരം അറിയിച്ചില്ല

കഴിഞ്ഞവര്‍ഷം പണം പിന്‍വലിക്കാനെത്തിയപ്പോള്‍ മാത്രമാണ് തനിക്ക് രണ്ടുവര്‍ഷത്തെ പലിശയായ 1712 രൂപ മാത്രമേ ലഭിക്കൂവെന്ന് അറിയുന്നത്. നിക്ഷേപം പുതുക്കണമെന്ന വിവരം പോസ്‌റ്റോഫീസ് അധികൃതരും അറിയിച്ചില്ല. നിക്ഷേപം പിന്‍വലിച്ച ദിവസം വരെയുള്ള പലിശ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പോസ്‌റ്റോഫീസ് സേവിങ് ബാങ്ക് മാന്വല്‍ പ്രകാരം പുതുക്കിവെച്ചാലേ പലിശ ലഭിക്കൂവെന്നാണ് പോസ്റ്റല്‍ അധികൃതരുടെ വാദം. 2014ല്‍ പോസ്‌റ്റോഫീസ് നിക്ഷേപ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയെത്തുടര്‍ന്ന് നിക്ഷേപം പിന്‍വലിക്കുന്ന ദിവസം വരെയുള്ള പലിശ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹര്‍ജിയില്‍ സരോജ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള പോസ്‌റ്റോഫീസുകള്‍ക്കേ ബാധകമാകൂവെന്നായിരുന്നു പോസ്റ്റല്‍ വകുപ്പിന്റെ നിലപാട്. മുട്ടട പോസ്‌റ്റോഫീസില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് 2015ലാണെന്നും വിശദീകരിച്ചു.

എന്നാല്‍, പുതിയ ഭേദഗതി ഹര്‍ജിക്കാരിയുടെ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പേ നിലവില്‍ വന്നിരുന്നുവെന്ന് കോടതി വിലയിരുത്തി. കോര്‍ ബാങ്കിങ് സംവിധാനമുള്ള പോസ്‌റ്റോഫീസ് എന്നും ഇല്ലാത്തതെന്നുമായി തരംതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.