എംപിമാര്‍ക്ക് മര്‍ദ്ദനം: വിശദീകരണം തേടുമെന്ന് വെങ്കയ്യ നായിഡു;  വിശദാംശങ്ങള്‍ എഴുതി നല്‍കാന്‍ ലോക്‌സഭാ സ്പീക്കര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 01:15 PM  |  

Last Updated: 24th March 2022 01:15 PM  |   A+A-   |  

The Speaker of the Lok Sabha asked for the details in writing

എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്യുന്നു/ ടെലിവിഷന്‍ ദൃശ്യം

 

ന്യൂഡല്‍ഹി: എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വിശദീകരണം തേടാമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. പ്രതിഷേധ മാര്‍ച്ചിനിടെ എംപിമാരെ മര്‍ദ്ദിച്ച സംഭവം കെ സി വേണുഗോപാല്‍ ആണ് രാജ്യസഭയില്‍ ഉന്നയിച്ചത്. സമാധാനപരമായി മാര്‍ച്ച് ചെയ്ത എംപിമാരെയാണ് പൊലീസ് ആക്രമിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണം തേടുമെന്ന് രാജ്യസഭാധ്യക്ഷന്‍ വ്യക്തമാക്കിയത്. 

കയ്യേറ്റം ചെയ്ത സംഭവം എംപിമാര്‍ ലോക്‌സഭയിലും ഉന്നയിച്ചു. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എംപിമാരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എന്ത് അധികാരം എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. വിശദാംശങ്ങള്‍ എഴുതി നല്‍കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല നിര്‍ദേശിച്ചു. യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്നു കാണാനും സ്പീക്കര്‍ അറിയിച്ചു.  

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡല്‍ഹി വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാര്‍. തുടര്‍ന്ന് ഇവിടെ നിന്നും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരെ പൊലീസ് ബലമായി മാറ്റി. 

ഹൈബി ഈഡന്റെ മുഖത്തടിച്ചു. ബെന്നി ബഹനാനെ കോളറില്‍ പിടിച്ച് മാറ്റി. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാന്‍ കൂട്ടാക്കിയില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മുദ്രാവാക്യം വിളിച്ച് പോയവരെ തടയുക മാത്രമാണ് ചെയ്തത്. ഇവര്‍ എംപിമാരാണെന്ന കാര്‍ഡ് കാണിച്ചതോടെ ഇവരെ കടത്തിവിട്ടെന്നും ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നു.