ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകാൻ 25,000 കൈക്കൂലി, പഞ്ചായത്ത് സെക്ഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 07:25 AM  |  

Last Updated: 24th March 2022 07:30 AM  |   A+A-   |  

Vigilance arrests panchayat section clerk for bribery

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകാൻ കൈകൂലി വാങ്ങിയ പഞ്ചായത്ത് ഓഫീസ് സെക്ഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. കോട്ടുകാൽ പഞ്ചായത്ത് ഓഫീസിലെ സെക്ഷൻ ക്ലാർക്ക് എം. ശ്രീകുമാറാണ് അറസ്റ്റിലായത്. ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകാനായി 25,000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ​ഗഡുവായി ആവശ്യപ്പെട്ട 10,000 രൂപ വാങ്ങുന്നതിനിടെയാണ്  വിജിലൻസ് അറസ്റ്റ്. 

കല്ലിയൂർ സ്വദ്ദേശിയായ സുരേഷാണ് വിഴിഞ്ഞം ആഴിമല ഭാഗത്ത് ഹോം സ്റ്റേ തുടങ്ങുന്നതിനായി കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ നിന്നും 2019-ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ  കോവിഡ്  കാലമായിരുന്നതിനാൽ ഹോം സ്റ്റേ ആരംഭിക്കാൻ സാധിച്ചില്ല. ലൈസൻസിന്റെ  കാലാവധി കഴിഞ്ഞതിനാൽ  പുതുക്കുന്നതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ  അപേക്ഷ നൽകി. തുടർന്ന്  അടുത്ത ദിവസം  കെട്ടിടം പരിശോധന നടത്താൻ എത്തിയ സെക്ഷൻ ക്ലാർക്ക് ശ്രീകുമാർ  ലൈസൻസ്  പുതുക്കി നൽകുന്നതിന് 25000 രൂപ ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 10000 രൂപ  ഉടൻ  നൽകണമെന്ന്  അറിയിക്കുകയും ചെയ്തു. 

തുടർന്ന് സുരേഷ് വിജിലൻസിന്റെ തിരുവനന്തപുരം സതേൺ റേഞ്ച് പൊലീസ് സൂപ്രണ്ട് ആർ.ജയശങ്കറിന് പരാതി നൽകി. തുടർന്ന് സതേൺ റേഞ്ച് ഡിവൈഎസ്പി, അനിൽ കെണിയൊരുക്കി ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ കോട്ടുകാൽ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറിൽ വച്ച് 10000/- രൂപ  കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹാജരാക്കും.