കേന്ദ്ര അനുമതിക്കായി ഒരാഴ്ചയായി ഡല്‍ഹിയില്‍ ഇടനിലക്കാര്‍; മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്ക്; ബിജെപിയുമായി സമരത്തിനില്ല;  വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 05:53 PM  |  

Last Updated: 24th March 2022 05:53 PM  |   A+A-   |  

V D Satheesan against pinarayi

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈനിന് കേന്ദ്ര അുമതിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സിപിഎം -സംഘപരിവാര്‍ നേതൃത്വമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാരാണ് ഇവിടെയും ഇടപെട്ടത്. ഇന്ന് പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നില്‍  ഈ ഇടനിലക്കാരുണ്ടോ എന്ന് അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പുതുതായി ഒന്നും പറയാന്‍ മുഖ്യമന്ത്രിക്കില്ല. പറഞ്ഞ അതേകാര്യം ആവര്‍ത്തിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും പണം നല്‍കില്ലെന്നറിഞ്ഞിട്ടും മുന്‍പ് തയ്യാറാക്കിയ അതേ കടലാസ് വീണ്ടും പത്രസമ്മേളനത്തില്‍ വായിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിലോല പ്രദേശമായ കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. അതിന് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സില്‍വര്‍ ലൈന്‍ അഴിമതി പദ്ധതിയാണ്. ഡിപിആറില്‍ അവ്യക്തതയുണ്ട്. ഈ പദ്ധതി കേരളത്തെ സാമ്പത്തികമായി തകര്‍ക്കും. 

പദ്ധതി ചെലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. ഇപ്പോള്‍ അവതരിപ്പിക്കുന്നത് കള്ളക്കണക്കാണെന്നും സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രി അനുകൂലം

സില്‍വര്‍ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതിയെക്കുറിച്ച് അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. പ്രതികരണങ്ങള്‍ ആരോഗ്യപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്. 

വേഗവും സുരക്ഷയും ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് കേരളത്തിനു വേണ്ടത്. അത് പരിസ്ഥിതി സൗഹൃദവുമാവണം. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണ്. തിരുവനന്തപുരം-കാസര്‍ക്കോട് യാത്രാ സമയം നാലു മണിക്കൂറായി ഇതിലൂടെ കുറയും.

നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും യാഥാര്‍ഥ്യമായിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി. സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.