ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞനെ തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുവദിച്ചില്ല;  വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു

ഒസല്ലയെ മടക്കി അയച്ചതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്ന് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് അറിയിച്ചു
ഫിലിപ്പോ ഒസല്ല /ഫയല്‍ ചിത്രം
ഫിലിപ്പോ ഒസല്ല /ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രമുഖ നരവംശ ശാസ്ത്രജ്ഞനെ രാജ്യത്തു പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഇംഗ്ലണ്ടിലെ സസക്‌സ് സര്‍വകലാശാലയില്‍ നിന്നും വന്ന ഫിലിപ്പോ ഒസല്ലയെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു തന്നെ നാട്ടിലേക്ക് തിരിച്ചയച്ചത്. 

കാരണം വ്യക്തമാക്കാതെയാണ് ഒസല്ലയെ മടക്കി അയച്ചത്. കേരള സമൂഹത്തെപ്പറ്റി നിരവധി പഠനം നടത്തിയിട്ടുള്ള ഒസല്ല, ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ എമിറേറ്റ്‌സിന്റെ വിമാനത്തിലാണ് ഒസല്ല ദുബായില്‍ നിന്നെത്തിയത്. 

വിമാനമിറങ്ങിയ ഉടന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്ക് കൊണ്ടുപോയി. തന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഫോട്ടോയും വിരലടയാളവും ശേഖരിച്ചശേഷം രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു എന്ന് ഒസല്ല പറഞ്ഞു. ഒസല്ലയെ മടക്കി അയച്ചതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്ന് തിരുവനന്തപുരത്തെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് അറിയിച്ചു. 

ഇന്ത്യയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഒസല്ല മലബാറിലെ മുസ്ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാനാണ് ഒസല്ല എത്തിയത്. ദുബായ് വഴിയുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും അധികൃതര്‍ നേരത്തെ കരുതിയിരുന്നതായി ഒസല്ല പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com