ചേട്ടനെ അടിച്ചുകൊന്നു കുഴിച്ചുമൂടി, ഒന്‍പതു ദിവസം തിരഞ്ഞുനടന്നു; മൃതദേഹം കണ്ടെത്തിയപ്പോഴും ഭാവഭേദമില്ലാതെ സാബു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 11:16 AM  |  

Last Updated: 25th March 2022 11:16 AM  |   A+A-   |  

cherpu_murder

മൃതദേഹം കണ്ടിടത്ത് പൊലീസ് പരിശോധന നടത്തുന്നു, കൊല്ലപ്പെട്ട ബാബു

 

തൃശൂര്‍: മദ്യപിച്ചു ബഹളമുണ്ടാക്കിയ ചേട്ടനെ അടിച്ചു കൊന്നു കുഴിച്ചുമൂടിയ സാബു, ചേട്ടനെ നാട്ടുകാര്‍ക്കൊപ്പം തിരഞ്ഞുനടന്നത് ഒന്‍പതു ദിവസം. ഒടുവില്‍ ചേട്ടന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ജനക്കൂട്ടത്തിനൊപ്പം അവിടെയും ഒന്നും അറിയാത്തതുപോലെ സാബു എത്തി. ഇന്നലെയാണ്, സഹോദരന്‍ ബാബുവിനെ (27) കൊലപ്പെടുത്തിയ കേസില്‍ സാബുവിനെ (25) പൊലീസ് അറസ്റ്റ്‌ചെയ്തത്. 

കഴിഞ്ഞ 15ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വീട്ടിലെത്തിയ ബാബുവിനെ സാബു മര്‍ദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിന് 300 മീറ്റര്‍ അകലെ കടയാറ്റി പാടത്തെ ബണ്ടിലാണ് മൃതദേഹം കുഴിച്ചിട്ടത്. 

മാര്‍ച്ച് 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19ന് സാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 22ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ കുഴിക്കുന്നതും കണ്ടിരുന്നു. പിറ്റേന്നു നോക്കിയപ്പോള്‍ മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി. നാട്ടുകാരെക്കൂട്ടി കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടൈപാലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.

വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്. 

സാബു വീട്ടില്‍ ഇല്ലെന്നു കള്ളം പറഞ്ഞതും വീട്ടിലെ ടിവി തകര്‍ന്ന നിലയില്‍ കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലാണ് സാബുവിലേക്കെത്തിച്ചത്.