കോൺ​ഗ്രസ് നേതാവ് യു രാജീവന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 06:32 AM  |  

Last Updated: 25th March 2022 06:36 AM  |   A+A-   |  

rajeevan

ഫയല്‍ ചിത്രം

 

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് മുന്‍ ഡിസിസി പ്രസിന്റുമായിരുന്ന യു രാജീവന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. 

കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ ഒമ്പതു മണി മുതല്‍ ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം കൊയിലാണ്ടിയിലെ വീട്ടുവളപ്പില്‍ നടക്കും. 

കെ എസ് യു വിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യുഡിഎഫ് കൊയിലാണ്ടി നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.