ബസുടമകളുടേത് എടുത്തുചാട്ടം; അവസാനത്തെ സമരമാര്‍ഗമാണ് ആദ്യം എടുത്തത്; നടപടിയെടുക്കേണ്ട സാഹചര്യമായിട്ടില്ല; ഗതാഗതമന്ത്രി

ബസുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍

തിരുവനന്തപുരം:  സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് പിടിവാശിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് നിരക്ക് പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ബസ് ഉടമകളുടേത് എടുത്തുചാട്ടമാണ്. അവസാനത്തെ സമര മാര്‍ഗമാണ് ആദ്യംതന്നെ എടുത്തതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യബസുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമായിട്ടില്ല. ബസുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സമരത്തിന് പിന്നില്‍ സംഘടനാ നേതാക്കളുടെ സ്ഥാപിത താത്പര്യം. 7000 ബസുകളുടെ കുറവ് കെഎസ്ആര്‍ടിസിക്ക് നികത്താനാവില്ല. കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതലൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ചയ്ക്ക് വിളിക്കാത്തതെന്നും ആന്റണി രാജു പറഞ്ഞു

ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. സമരം തുടരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥ് ആരോപിച്ചു. 

സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമെന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കൂട്ടാന്‍ തീരുമാനിച്ചെന്ന് പറഞ്ഞാല്‍ മാത്രം പോര. നടപ്പാക്കുകയും വേണം. മന്ത്രിയുടെ പിടിവാശിയാണ് നിലവിലെ സമരത്തിന് കാരണം. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബസ് നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെ മാര്‍ച്ച് 24ന് ആരംഭിച്ച സ്വകാര്യ ബസ് ഉടമകളുടെ സമരം തുടരുകയാണ്. ബസ് ഉടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com