ബജറ്റ് ചര്‍ച്ചയ്ക്കിടെ വാക്കേറ്റം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-സിപിഎം കയ്യാങ്കളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 04:51 PM  |  

Last Updated: 26th March 2022 04:51 PM  |   A+A-   |  

trivandrum_corparation

തിരുവനന്തപുരം കോര്‍പ്പറേഷന്‍/ ഫയല്‍ ചിത്രം


തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയ്ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബജറ്റിന്മേലുള്ള ചര്‍ച്ച നടക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെയായിരുന്ന ബജറ്റ് അവതരണം. 

തങ്ങള്‍ക്ക് സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇത് ഭരണപക്ഷ അംഗങ്ങളുമായുള്ള വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു.

ബിജെപി കൗണ്‍സിലറായ മഞ്ജുവിന് മര്‍ദനമേറ്റതായി ബിജെപി ആരോപിച്ചു. സിപിഎം കൗണ്‍സിലറായ നിസാമുദീനാണ് ആക്രമിച്ചതെന്നാണ്  ആരോപണം. എന്നാല്‍ രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി ആക്രമിച്ചുവെന്ന് സിപിഎമ്മും ആരോപിച്ചു. 

പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംസാരിക്കാന്‍ സമയം നല്‍കുന്നില്ലെന്ന ആരോപണം ബിജെപി ഉന്നയിച്ചപ്പോള്‍ കൗണ്‍സിലിലെ അംഗസംഖ്യ അനുസരിച്ച് എല്ലാവര്‍ക്കും സംസാരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെയും മേയര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ബിജെപി അംഗങ്ങള്‍ പ്രകോപിതരായത്.  ബഹളത്തെ തുടര്‍ന്ന് 11.45 ഓടെ ചര്‍ച്ച പൂര്‍ത്തിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.