മൃതദേഹം കുഴിച്ചിട്ടത് അമ്മയുടെ സഹായത്തോടെ, കഴുത്തു ഞെരിച്ചപ്പോള്‍ ബോധം നഷ്ടമായി, മരിച്ചെന്നു കരുതിയതാവാമെന്നു പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 11:09 AM  |  

Last Updated: 26th March 2022 11:09 AM  |   A+A-   |  

cherpu_murder1

സാബുവിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍, മരിച്ച ബാബു

 

തൃശൂര്‍:  മദ്യപിച്ചെത്തിയ ജ്യേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍, മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതെന്ന് അമ്മയെന്നു പൊലീസ്. അമ്മ പദ്മാവതിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം വന്ന് ആശുപത്രിയില്‍ കഴിയുന്ന പദ്മാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കൊലയ്ക്കു ശേഷം ബാബുവിന്റെ മൃതദേഹം 300 മീറ്ററോളം അകലെ കുഴിച്ചിടാന്‍ സാബു എടുത്തു കൊണ്ടുപോയത് പദ്മാവതിയുടെ സഹായത്തോടെയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക വിവരം പുറത്തായ വ്യാഴാഴ്ച സാബുവിനൊപ്പം പദ്മാവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ബാബുവിനെ കുഴിച്ചിട്ടതു ജീവനോടെയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനടുത്തു കുഴിച്ചിട്ടെന്നായിരുന്നു അനുജന്റെ മൊഴി. സ്ഥിരമായി മദ്യപിച്ചു ബഹളമുണ്ടാക്കുന്ന ജ്യേഷ്ഠനെ തര്‍ക്കത്തിനിടയില്‍ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് ബാബു പൊലീസിനോട് സമ്മതിച്ചിരുന്നു. മരിച്ചെന്നു കരുതി കുഴിച്ചിടുമ്പോള്‍ ബാബുവിനു ജീവന്‍ ഉണ്ടായിരുന്നതായാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചന.

ബാബുവിന്റെ തലയ്ക്ക് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. രക്തം കട്ട പിടിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ മണ്ണ് കയറിയിട്ടുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചപ്പോള്‍ ബാബുവിനു ബോധം നഷ്ടമായെന്നു കണ്ടു മരിച്ചുവെന്നു കരുതി കുഴിച്ചിട്ടതായിരിക്കാമെന്നാണു പൊലീസ് നിഗമനം.

ഗള്‍ഫില്‍ ജോലി ശരിയായെങ്കിലും സാബു നാട്ടില്‍ തുടരുകയായിരുന്നു. താന്‍ കൂടി വീട്ടില്‍ നിന്ന് പോയാല്‍ അമ്മയെ മദ്യപിച്ചെത്തുന്ന ബാബു ഉപദ്രവിക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണമായതെന്ന് പൊലീസ് പറയുന്നു.