'6 വര്‍ഷം സംഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറിയിട്ടുണ്ട്'; മോഹിനിയാട്ടം നിര്‍ത്തിച്ചതില്‍ ജില്ലാ ജഡ്ജിയുടെ വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 09:20 AM  |  

Last Updated: 26th March 2022 09:20 AM  |   A+A-   |  

NEENA PRASAD

നീനാ പ്രസാദ് , ഫെയ്‌സ്ബുക്ക്


പാലക്കാട്:  നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയ സംഭവത്തിൽ പാലക്കാട് ജില്ല ജഡ്ജി കലാം പാഷയുടെ വിശദീകരണം. മതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ജഡ്ജി കലാം പാഷ പറഞ്ഞു. നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല എന്നുമാണ് ജഡ്ജിയുടെ വിശദീകരണം.

ശബദം കുറക്കാൻ തന്റെ ജീവനക്കാരൻ ഡിവൈഎസ്പിയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ നൃത്തം തടസപ്പെടുത്താൻ നിർദേശിച്ചിട്ടില്ല. ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ഞാൻ. ആറ് വർഷം കർണാട്ടിക് സംഗീതം പഠിച്ചു. അതുകൊണ്ട് തന്നെ ഒരിക്കലും താൻ കലയെ തടസപ്പെടുത്തില്ല,  ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കെ സുധീരിന് അയച്ച കത്തിലാണ് ജില്ലാ ജഡ്ജിയുടെ വിശദീകരണം.  

അഭിഭാഷകരുടെ പ്രതിഷേധം നിയമ വിരുദ്ധമാണ്

ഇത് സംബന്ധിച്ച് പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണ്. കോടതി വളപ്പിലുണ്ടായ അഭിഭാഷകരുടെ പ്രതിഷേധം നിയമ വിരുദ്ധമാണ്.  കോടതി വളപ്പിൽ വെച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും കോടതി പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജില്ലാ ജഡ്ജിയുടെ കത്തിൽ പറയുന്നു.

രാത്രി 9.30 വരെ പരിപാടി നടത്താൻ അനുമതി ലഭിച്ചിട്ടും ജില്ലാ ജഡ്ജി പറഞ്ഞതോടെ എട്ട് മണി കഴിഞ്ഞതോടെ തന്നെ പരിപാടി നിർത്തേണ്ടി വന്നതായാണ് സംഘാടകർ പറയുന്നത്.  കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിർത്തിവെയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചെന്ന അറിയിപ്പ് ദുഃഖമുണ്ടാക്കിയെന്ന് നീന പ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കലാകാരി എന്ന നിലയിൽ അപമാനിക്കപ്പെട്ടു എന്നും നീന പ്രസാദ് പറഞ്ഞു.