'അഭിമാനം വാനോളം'; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2022 12:53 PM |
Last Updated: 26th March 2022 12:53 PM | A+A A- |

ലയ മരിയ ജയ്സൻ
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാൻസ് ജെൻഡർ വനിത തെരഞ്ഞെടുക്കപ്പെട്ടു. ലയ മരിയ ജയ്സൻ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
അഭിമാനം വാനോളം അതിലേറെ ഉത്തരവാദിത്തം, എന്നാണ് പുതിയ ചുമതല ഏറ്റെടുത്ത ലയയുടെ പ്രതികരണം. ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തൻറെ അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും ലയ പറഞ്ഞു.
ചങ്ങനാശേരി സ്വദേശിനിയായ ലയ ചങ്ങനാശേരി എസ് ബി കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. 2016ൽ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ഇപ്പോൾ സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് ഈ 30കാരി.